2014 ജനുവരി 11, ശനിയാഴ്‌ച

ആരവങ്ങളിൽ തെളിയാത്തത് ...


ആഘോഷാരവങ്ങളുടെ ട്രാക്കിലൂടെ 
നീ പാഞ്ഞു പോകുമ്പോൾ 
കൈ വീശിയുല്ലസിച്ച ഞാൻ 

കാത്തിരിപ്പിന്റെ പ്ലാറ്റ് ഫോമിൽ 
വീണ്ടും തനിച്ചാവുന്നു.... 

തീവണ്ടി മിഥ്യയും നൈമിഷികതയും നിറഞ്ഞ
ജീവിതത്തെ വഹിച്ചു പായുമ്പോൾ  
സ്ഥായിയായ വികാരങ്ങൾക്ക് 
കൂട്ടിരുന്ന് മൗനിയാവുന്നു പാളങ്ങൾ. 

തീവണ്ടിയലർച്ചയും ചായക്കാരുമില്ലാത്ത 
രാതികളിൽ,
എവിടെയും അടയാളപ്പെടാതെ പോയവരുടെ 
എത്ര നെടുവീർപ്പുകളെയാണ് 
അനന്തതയിലേക്ക് കാലു നീട്ടിയിരിക്കുന്ന 
പാളങ്ങൾ 
നെഞ്ചിലൊതുക്കുന്നത്!

രണ്ടു മഹാ മൗനങ്ങൾക്കിടയിലെ 
വെറും കൂകലും കുറുകലുമാണ് ജീവിതമെന്ന് 
പറയാതെയറിഞ്ഞു പോകുന്നവരുടെ 
വിയർപ്പിൻ ഭൂപടങ്ങളിൽ 
ഏതിരുളിലും ഉറങ്ങാതിരിന്ന് 
വീർപ്പുമുട്ടുന്നു പാളങ്ങൾ

പറഞ്ഞു തീരാത്ത കഥകളവസാനിപ്പിച്ച്,
പാളങ്ങളുടെ മടിയിൽ 
തല ചായ്ച്ചുറങ്ങിപ്പോയവർ, 
ചങ്കിലെ ചോര കൊണ്ടെഴുതി വെച്ച 
കവിതകളിലേക്കാണ് ആഘോഷങ്ങളുടെ 
വിസർജ്യം വീഴുന്നത്. 
ഇനിയും വാക്കുകളിലേക്ക് ഉയിരെടുക്കാനാവാതെ 
മണ്ണിലലിഞ്ഞു സ്പന്ദിക്കുന്ന കവിതകൾ ... 

നേർത്ത് നേർത്ത് ഞാനും
ചില മിടിപ്പുകൾ മാത്രമാവുമ്പോൾ,
പരേതാത്മാക്കളുടെ 
ധ്വനി നിലക്കാത്ത സംഗീതമാണെന്നെപ്പൊതിയുന്നത്!


വീണ്ടുമൊരു തീവണ്ടിക്കൂകലിൽ 
പ്ലാറ്റ്ഫോമും പാളങ്ങളും 
ഉന്മാദിയാകും വരെ 
ഞാനും 
ഒരു യോഗീ സന്നിധിയിലെന്ന പോലെ 
അനന്തതയിലേക്ക് 
തല ചായ്ച്ചിരിക്കുന്നു

ഒന്നു ചെവിയോർത്താൽ കേൾക്കാം 
എത്ര ചക്രങ്ങൾ കയറിയിറങ്ങിയാലും 
പരിഭവിക്കാത്ത പാളങ്ങളുടെ 
അടക്കിപ്പിടിച്ച കിതപ്പുകൾ ...